fortuneias

വിജയം ഒരിക്കലും സൗകര്യങ്ങളുടെ ഫലമല്ല. അത് സ്വപ്‌നങ്ങളെ പിടിച്ചു നിർത്തിയ നിശ്ചയദാർഢ്യത്തിൻ്റെയും പരിമിതികളോട് പൊരുതിയ മനസ്സിൻ്റെയും സമന്വയമാണ്. മുഴുവൻ സമയ ജോലിയുടെയും ജീവിത സമ്മർദ്ദങ്ങളുടെയും നടുവിൽ നിന്നുകൊണ്ട് സിവിൽ സർവീസ് എന്ന മഹാസ്വ‌പ്നം യാഥാർത്ഥ്യമാക്കിയ അനുഷ ആർ ചന്ദ്രന്റെ യാത്ര,
അതുതന്നെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നതും.

 

കാസർഗോഡ് ജില്ലയിലെ ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഉയർന്നുവന്ന അനുഷ, സാമ്പത്തിക പരിമിതികളും, മാനസിക സമ്മർദ്ദങ്ങളും ഒരുമിച്ച് നേരിട്ടുകൊണ്ടാണ് 791-ാം റാങ്കോടെ സിവിൽ സർവീസ് നേടിയത്. അച്ഛനും,അമ്മയും സാധാരണ ദിവസവേതനത്തിന് ജോലിചെയ്യുന്ന ആളുകളായിരുന്നും. ഈ സാഹചര്യത്തിൽ മകളുടെ ഐ. എ. എസ്. എന്ന വലിയ സ്വപ്‌നം കേട്ടപ്പോൾ അവർക്ക് സന്തോഷത്തേക്കാളുപരി
ഭയമാണുണ്ടായത്. അത് മകളുടെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടായിരുന്നില്ല, മറിച്ച് പത്രങ്ങളിലും ടിവിയിലും കാണുന്ന വിജയികളുടെ ഉന്നത കുടുംബപശ്ചാത്തലം കാണുമ്പോൾ തങ്ങളെക്കൊണ്ട് അത്തരം പിന്തുണ നൽകാൻ സാധിക്കുമോ എന്ന യാഥാർത്ഥ്യ ബോധത്തിൽ നിന്നുള്ള പേടിയായിരുന്നു.

 

അനുഷയുടെ സിവിൽ സർവീസ് സ്വപ്‌നങ്ങൾക്ക് തുടക്കമാകുന്നത് ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. തികച്ചും അപ്രതീക്ഷിതമായി വന്ന രണ്ട് സംഭവങ്ങളാണ് ആ
കൊച്ചുമനസ്സിൽ വലിയൊരു ലക്ഷ്യം കുറിച്ചിട്ടത്. ക്ലാസിലെ ഒരധ്യാപകൻ വാക്കുകളായിരുന്നു ആദ്യത്തേത്. “നിങ്ങൾ നന്നായി പഠിക്കുകയാണെങ്കിൽ ഐ എ എസ് ഒക്കെ ആകാൻ സാധിക്കും.” അദ്ദേഹം പറഞ്ഞപ്പോൾ ഐ എ എസ് എന്ന വാക്ക് അനുഷ ആദ്യമായി കേൾക്കുകയായിരുന്നും. എന്നാൽ ആ സ്വപ്നത്തിന് വ്യക്തമായ മുഖവും ലക്ഷ്യവും നൽകിയത് ഒരു പത്രവാർത്തയായിരുന്നു. കാസർഗോഡിലെ എൻഡോസൾഫാൻ ദുരിതബാധിതരെ ജില്ലാകളക്ടർ സന്ദർശിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന ചിത്രം ആ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

 

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയശേഷം സ്വാഭാവികമായും എല്ലാവരും സയൻസ് തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്ത്, അനുഷ
ഹ്യൂമാനിറ്റീസ് തെരഞ്ഞെടുത്തത് ബന്ധുക്കൾക്കും, നാട്ടുകാർക്കും ഒരു ഞെട്ടലായിരുന്നു. “എന്ത് ധൈര്യത്തിലാണ് ഹ്യുമാനിറ്റീസ് എടുക്കുന്നത്? അതിന് വലിയ ഭാവിയൊന്നുമില്ല” എന്നിങ്ങനെയുള്ള സംസാരങ്ങൾ അവളെ സമ്മർദ്ദത്തിലാക്കി. എന്നാൽ, ഈ കാലഘട്ടത്തിൽ അനുഷയ്ക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത് പ്ലസ്‌ടു കാലഘട്ടത്തിലെ അധ്യാപകരായിരുന്നു. പ്ലസ്‌ടുവിന് ഉയർന്ന മാർക്കും നേടിക്കൊണ്ട് തിരുവനന്തപുരം
“ഗവൺമെന്റ് കോളേജ് ഫോർ വിമൻസിൽ”ൽ നിന്നും ബി.എ എണ്ണോമിക്സിൽ ബിരുദവും നേടി. തുടർന്ന് തൻ്റെ ഒരു അധ്യാപികയുടെ സഹായത്താൽ ഫോർച്യൂൺ ഐ.എ.എസ് അക്കാഡമിയിൽ പഠനമാരംഭിക്കുകയും ചെയ്തു. പിന്നീട് രാപ്പകലില്ലാത്ത പഠനത്തിന്റെ നാളുകളായിരുന്നു. എങ്കിലും ആദ്യത്തെ പ്രിലിംസ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല. ആദ്യത്തെ പ്രിലിംസ് പരാജയത്തിനു ശേഷമാണ് അനുഷ ജോലിക്ക് ശ്രമിക്കാൻ തീരുമാനിക്കുന്നത്. ഈ തീരുമാനമാണ് പഠനത്തോടൊപ്പം ജോലി എന്ന വലിയ വെല്ലുവിളിയിലേക്ക് അവളെ നയിച്ചത്. ജോലി നൽകിയ സാമ്പത്തികഭദ്രത വളരെ വലുതായിരുന്നു. സ്വന്തപഠനത്തിനും താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവുകൾ സ്വയം കണ്ടെത്താൻ
സാധിച്ചത് കുടുംബത്തെ ആശ്രയിക്കുന്നതിൻ്റെ മാനസികസമ്മർദ്ദം പൂർണമായും ഒഴിവാക്കി. മറുവശത്ത് ജോലി വലിയൊരു പോരാട്ടം തന്നെയായിരുന്നു. ദിവസേന 8 മണിക്കൂർ ജോലി ചെയ്യുമ്പോൾ പഠനത്തിനായി വളരെ കുറഞ്ഞ സമയമേ ലഭിച്ചിരുന്നുള്ളു. ഇത് കടുത്ത ശാരീരികവും മാനസികവുമായ ക്ഷീണത്തിന് കാരണമായി. രാവിലെ 5 മണിക്ക് എഴുന്നേറ്റ് ഉച്ചയ്ക്ക് 2 മണിക്ക് ജോലി ആരംഭിക്കുന്നത് വരെ തുടർച്ചയായ പഠനത്തിനായി
സമയം കണ്ടെത്തി. ജോലിയിൽ ലഭിക്കുന്ന ചെറിയ ഇടവേളകളിൽ പത്രം വായിക്കാനും കറന്റ് അഫയേഴ്‌സ് നോക്കാനും ഉപയോഗിച്ചും ആഴ്‌ചയിൽ ലഭിക്കുന്ന ഒരേയൊരു അവധിദിവസമായ ഞായറാഴ്‌ച, പ്രിലിംസ് ടെസ്റ്റ് സീരീസ് ഫോർച്യൂൺ ഐ എ എസ് അക്കാദമിയിൽ നേരിട്ട് ചെന്ന് എഴുതുകയും ചെയ്യുമായിരുന്നു. പ്രിലിംസിനും മെയിൻസിനും ഫോർച്യുണിലെ ടെസ്റ്റ് സീരീസുകൾ സ്ഥിരമായി ആശ്രയിച്ചു, പ്രിലിംസിന്, ഓരോ ടെസ്റ്റിന് ശേഷവും ആൻസർ കീ വിശദമായി പഠിച്ച തനിക്ക് മാർക്ക് കുറഞ്ഞ വിഷയങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി അവ വീണ്ടും പഠിച്ചുറപ്പിച്ചും ഫോർച്യൂണർ ഐഎഎസ് അക്കാദമിയിലെ അനുഷയുടെ മെൻ്ററായ ഫാത്തിമ ഹാരിസ് നൽകിയ എല്ലാ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് ഉത്തരങ്ങൾ മെച്ചപ്പെടുത്തി. ഇത് തന്റെ വിജയത്തിന് നിർണായകമായി എന്ന് അനുഷ പറയുന്നു.

 

അനുഷ ആർ ചന്ദ്രൻ്റെ വിജയം പരീക്ഷഫലത്തിലോ റാങ്ക് നമ്പറിലോ ഒതുങ്ങുന്ന കഥയല്ല. അത് “സൗകര്യങ്ങളിലെങ്കിൽ സ്വപ്‌പ്നങ്ങൾ ഉപേക്ഷിക്കണം” എന്ന പൊതുധാരണയെ തകർത്തെറിഞ്ഞ ഒരു ജീവിത സാക്ഷ്യമാണ്, സമയവും സാമ്പത്തിക പരിമിതികളും, മാനസിക സമ്മർദങ്ങളും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചിട്ടും, ലക്ഷ്യബോധം കൈവിടാതെ മുന്നേറിയ അനുഷയുടെ ആത്മവിശ്വാസത്തിൻ്റെ പ്രഖ്യാപനമാണ് അവളുടെ സിവിൽ സർവീസ് വിജയം.

Download PYQ


    This will close in 0 seconds